Sunday, April 12, 2009

കണിമഞ്ഞ

എന്റെ ഉള്ളിലെ ചിന്തകള്‍ കാട്ടുതീയേക്കാള്‍ ദീപ്തമായി,
കാലവര്‍ഷത്തേക്കാള്‍ ശക്തമായി 
തടുത്ത് നിര്‍ത്താനാവാതെ...
കണിമഞ്ഞയുടെ ആദ്രതയിലും കടല്‍നീലിമയുടെ ആഴങ്ങളിലും
ഞാനെന്നെ ആരുമറിയാതെ ഒളിപ്പിച്ച് വച്ചു...
കാറ്റിലുലയുന്ന വള്ളിപടര്‍പ്പിന്റെ മനോഹാരിത പോലെ
മഴയെ പ്രണയിച്ച ധരിത്രിയുടെ വ്രതശുദ്ധിപോലെ
പാടാന്‍ രാഗങ്ങളേറെയുള്ള രാപ്പാടിയുടെ സങ്കീര്‍ത്തനം പോലെ
തുടികൊട്ടിപ്പാടാന്‍ കൊതിക്കുന്ന എന്റെ വിളര്‍ത്ത സ്വപ്നങ്ങള്‍..
തിരിച്ചറിവിന്റെ ഉച്ചച്ചൂടില്‍ വിയര്‍ത്തൊട്ടവേ
തുമ്പച്ചെടിയുടെ നിഴലുപോലും തണലേകുവാനില്ലാത്ത  വഴിവക്കില്‍
നിശ്ശബ്ദത ഭയപ്പെടുത്തുമ്പോള്‍ ഞാനേകയായ്....
അറിയാതെന്‍ കാലില്‍തറച്ച കാക്കമുള്ളുകള്‍ അടര്‍ത്തിമാറ്റാനാവാതെ
കാലത്തിന്റെ ഭ്രമണപഥത്തില്‍ ഒരു പുല്‍ച്ചാടിയേക്കാളും
വിഡ്ഡിയായി ഞാനും.....
കാലഹരണപ്പെട്ട് പോകേണ്ട കടപ്പാടിന്‍ കണക്കുകള്‍
മന്ത്രം ജപിക്കുന്ന നടുമുറ്റവും
പടര്‍ന്ന് കയറാന്‍ കുറുമൊഴിക്ക് മൌനമായി
ശിഖരം നല്‍കിയ കിളിമരവും
അവര്‍ പോലുമറിയാതെ  അനിശ്ചിതത്തിലേയ്ക്ക്....
കാത്തിരിക്കുന്നതിന്റെ ബോധശൂന്യതയെപ്പറ്റി അറിയാമായിരുന്നിട്ടും
മുന്‍പോട്ടൊഴുകുന്ന പുഴയുടെ ഓളങ്ങളെ
കൂടെച്ചേര്‍ക്കാന്‍ കൊതിച്ച ഞാന്‍
വിതുമ്പുന്ന ചുണ്ടുകള്‍ മറച്ച് പുഴയുടെ സംഗീതമറിയാതെ...
ഉപബോധമനസ്സിന്റെ അഗാധശൂന്യതയിലേയ്ക്ക്
വീണ്ടും നഷ്ടങ്ങളുടെ പൊന്‍പുലരിയുമായ് കണിക്കൊന്ന.......
കണിമഞ്ഞയുടെ ആദ്രതയിലും കടല്‍നീലിമയുടെ ആഴങ്ങളിലും
ഞാനെന്നെ ചേര്‍ത്ത് വച്ചു....
ഏതോസന്ധ്യയില്‍ ഞാന്‍പോലുമറിയാതെ നഷ്ടപ്പെട്ട്പോയ
എന്റെ നന്മയുടെ നറും മലരുകളുമായ്
പടിപ്പുരയ്ക്കിപ്പുറത്ത് വീണ്ടും കണിക്കൊന്ന പൂത്തുനിന്നു .....

8 comments:

  1. പീതപ്പടുടുത്ത വശ്യമോഹിനീ...പ്രകൃതീ...

    ReplyDelete
  2. "ഏതു ദൂസര സങ്കൽപ്പത്തിൽ വളർന്നാലും,
    ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും,
    മനസ്സിലുണ്ടാകട്ടെ, ഗ്രാമത്തിൻ മണവും മമതയും ഇത്തിരി കൊന്നപ്പൂവും.......”

    ReplyDelete
  3. നന്മയുടെ നറും മലരുകളുമായ് നല്ല പ്രയോഗം .
    വിഷു ആശംസകള്‍

    ReplyDelete
  4. Engane ezhuthan kazhiyunnu, veruthe oru poovu kaanumbozhe...

    ReplyDelete
  5. ഈ പോസ്റ്റുകൾ വയിക്കുമ്പോൾ ഒരു മാസ്മരിക ലോകതിന്റെ ഉള്ളിൽ അകപ്പെട്ട ഒരു പ്രതീതി ഉണ്ടാവുന്നു. ഒരു സ്വപ്നാടകന്റെ ഫാന്റസി പോലെ.. ഒരു സ്വപ്ന ലോകത്തിൽ എത്തിചെരുന്ന അവസ്ഥ! ഹൃദ്യ
    മായിരിക്കുന്നു. ആശംസകൾ... അനുമോദനങ്ങൾ1. ഇനിയുള്ളതിന്റെ ഒരോ കോപ്പി എനിക്കു കൂടി മാർക്ക് ചെയ്യുമോ? നന്ദി മുൻ കൂറായിട്ടു... കുഞ്ഞുബി....


    .

    ReplyDelete

പറഞ്ഞോളൂ...ഞാനിവിടെയുണ്ട്...