Saturday, April 18, 2015

ചുവന്ന പൂക്കൾ

ചുവന്ന പൂക്കൾ 

പ്രതികാരത്തിന്റെ ഇഴ പിരിച്ച് ഒരു കയറുണ്ടാക്കി
പ്രണയത്താൽ ഒരു കുടുക്കിട്ട്
ചുംബനങ്ങളാൽ മിഴികൾ പൊത്തി
കാമത്തെ അവൾ തൂക്കിലേറ്റി .....
പിന്നെ പുലർന്നപ്പോൾ
കാറ്റാടി മരത്തിൽ നിറയെ
ഹൃദയത്തിന്റെ ആകൃതിയിൽ
ചുവന്ന പൂക്കൾ....
പൂക്കളിൽ തേൻ മധുരമല്ല
അവഗണിക്ക പെട്ടവളുടെ
കണ്ണ് നീരുപ്പ്.....

Wednesday, March 26, 2014

എത്രയൊക്കെ കൈവഴികൾ ഉണ്ടായാലും ഒടുവിൽ സാഗരത്തിലേയ്ക്ക് ഒഴുകി ലയിക്കുന്ന നദിയുടെ നിയമം പോലെ ആത്മാവ് ഒന്നായി തീരും പോലെ ചിലതുണ്ട്..കാലത്തിനും ഭാഷയ്ക്കും ജാതിയ്ക്കും ഉപരി എല്ലാ ബന്ധങ്ങള്ക്കും ബന്ധനങ്ങൾക്കും അതീതമായി മഴനീരിൽ അലിഞ്ഞലിഞ്ഞു ഇല്ലാതായ മിഴിനീരു പോലെ...ഓർക്കുമ്പോൾ തന്നെ മനസ്സ് നിറയുകയും മിഴികൾ തിളങ്ങുകയും ചെയ്യുന്ന പേരറിയാ പൂവുകളുടെ സുഗന്ധം...അകലത്തുആണെങ്കിലും അടുത്തറിയുന്ന നിശ്വാസങ്ങൾ ....മുടിയിഴകളിൽ വിരൽതുമ്പിലൂടെ അറിയുന്ന വാത്സല്യം......ഓരോ കാഴ്ചയിലും ഓരോ ഓരോ അപൂർവ്വതകൾ..... ഏതോ ജാലക വിരിയ്ക്കപ്പുറത്തു നിന്നും എനിയ്ക്കായി മാത്രമുള്ള ഗന്ധർവഗീതികൾ....സാരമുള്ളവയേം സാരമില്ലാതാക്കുന്ന സാന്ത്വന മന്ത്രം....പേരിട്ടു വിളിയ്ക്കാൻ ആവാതെ പോകുന്ന ചില ബന്ധങ്ങൾ.....കാഴ്ചയ്ക്കുമപ്പുറം കേട്ടറിവിന്റെ നേരിൽ നന്മ നിറഞ്ഞ ഒരു മന്ദഹാസം .........

Monday, June 13, 2011

അശാന്തി...

നമ്മള്‍...


പെയ്തൊഴിയാത്ത മഴയില്‍ പുതു മണ്ണിന്റെ

ഗന്ധം തേടാന്‍ കൊതിക്കുന്നവര്‍....!

തന്ത്രികളില്ലാത്ത വീണയിലും

സംഗീതത്തിനു കാതോര്‍ക്കുന്നവര്‍...

ജ്വലിക്കുന്ന യുവനങ്ങളുടെ സ്പന്ധനങ്ങളില്‍

ചക്രവാളത്തിനും അപ്പുറത്ത്

ഇരുട്ടിനെ വിറ കൊള്ളിച്ചു കൊണ്ട്  

എരിഞ്ഞടങ്ങിയ സൂര്യന്റെ ഇന്നത്തെ

ഉദയം കാണേണ്ടവർ .

കൂട്ടുകാരാ..

പ്രതിഭലനങ്ങളുടെ ഇരുണ്ട

വെളിച്ചമെങ്കിലും എത്താത്ത  ഇടവഴികലുണ്ടാകാറില്ല ...

പുലരിയുടെ ഓരോ പൊന്‍ വെളിച്ചവും

ഇരുളിന്റെ കോട്ടകള്‍ തകർത്തെത്തുംപോൾ  

നാം കണ്ട സത്യങ്ങള്‍

ഉറക്കെ വിളിച്ചുപറയാന്‍

നമുക്ക് കഴിയട്ടെ...

Wednesday, July 29, 2009

മറക്കാനാവാത്തവ .......

വീണ്ടും വസന്തം വിരുന്നുവരാന്‍ കാത്ത് ധ്യാനിച്ച് നില്‍ക്കുന്ന വേലിപരത്തിയെ വാത്സല്യമൂറും മിഴികളാലിത്തിരി ലാളിച്ചൊരുമാത്ര ഞാന്‍ നോക്കിനില്‍ക്കവേ, ഇടവഴിയ്ക്കപ്പുറത്താവാകച്ചോട്ടില്‍ നിന്നിരു- മിഴിയാളിയോ മിന്നിമറഞ്ഞുവോ ? മുറ്റത്ത്  തന്നെ ഞാന്‍ നിന്നുപോയി മൂവന്തി മൂകം നടന്ന് വന്നീടുന്ന വേളയില്‍ 
 വീണുനിറം മങ്ങി വാടികരിഞ്ഞ് പോം 
 ഓണക്കളത്തിലെ ഇത്തിരി പൂവുപോല്‍ വീണ്ടും തളിര്‍ക്കാന്‍ കഴിയാത്ത കൌമാര സായന്തനങ്ങളില്‍ കരള്‍ പിടയ്ക്കവേ കണ്ട് മറഞ്ഞ കിനാവുപോലെങ്കിലും മുഗ്ദസങ്കല്പമായി നീ മുന്നില്‍ നില്‍ക്കുന്നു ..ഈറന്‍ പുടവയും ചാര്‍ത്തിമുകിലിന്റെ ജാലകപ്പാളി തുറന്ന്  നോക്കും ഇന്ദുലേഖ ഏതൊരു വിഷാദഭാവത്തിന്റെ ഈരടിചുണ്ടില്‍ കൊരുത്ത് നിന്നീടവേ ഓര്‍ത്ത് പോയ്..... ഓളങ്ങള്‍ താളം പിടിയ്ക്കുമാകായലിന്‍ തീരത്ത്നാം പണ്ട് തിരപോലലഞ്ഞതും ഒരു കൊച്ച്തോണിയിലൊന്നിച്ച് പോയതും ഓളങ്ങളില്‍ പെട്ട് സംഭ്രാന്തരായതും എങ്ങനെ മറക്കുവാന്‍?വിരിഞ്ഞ് നില്‍ക്കുന്നൊരീ വെള്ളാമ്പല്‍ പൂക്കളെ എങ്ങനെ മറക്കുവാന്‍??? ആകെ കരഞ്ഞ് കലങ്ങിയ കണ്ണുമായ് അന്ന് ഞാന്‍ ചാരത്ത് വന്നു നിന്നീടവെ ‘താഴത്ത് കേഴും കിടാങ്ങള്‍ക്ക് നെയ്ത്തിരി നാളമാവട്ടെ ഞാന്‍ എന്ന് ചോദിച്ച് പോയ്” അന്ന് നീ മൌനത്തിന്‍ വര്‍ണ്ണകുടീരങ്ങളില്‍ നിന്നുപോയ് നിശ്ചലം തപ്തഹൃദന്തനായ്... നീറും മനസ്സില്‍ ഒരുനെടുവീര്‍പ്പിന്റെ നീരവശലഭങ്ങളെല്ലാമടക്കിഞാന്‍ എന്‍ വിഷാദാശ്രുബിന്ദുക്കള്‍ക്കെന്ത് നീ നല്‍കുവാന്‍ നിശ്ചലം നിന്നു നീ..... “നിസ്വയാണിന്ന് ഞാന്‍ നിസ്സഹായയാണ് ഞാന്‍’ എന്ന് വിലപിക്കുമോരോ നിമിഷവും അസ്പര്‍ശ്യമാമെന്റെ ശോകദളങ്ങളെ ആരുയിര്‍ തൊട്ട് ശകലിതമാക്കിയോ
ഏതൊരു ശരത്കാലപൌര്‍ണ്ണമിയിന്നെന്റെ ചേതസ്സില്‍ പാല്‍ നിലാവിറ്റ് പകര്‍ത്തിയോ? ആ സൌമ്യഗന്ധമെന്നെപിരിഞ്ഞപ്പോള്‍ ആശങ്കാപൂര്‍വ്വം സ്വയം മറന്നെന്നെ ഞാന്‍ ‘പിന്നെ , നിലാവെത്രവന്നുപോയി....’എന്ന് ഇന്നലെ സന്ധ്യയ്ക്ക് പെയ്ത മഴപറഞ്ഞു. ഒന്നും മറക്കാത്തമനസ്സുമായിന്നലെ ഓമല്‍ നിശാഗന്ധിവീണ്ടും വിരിയവെ വേനല്‍ കഴിഞ്ഞുള്ളൊരാദ്യമഴപോലെ വേലിയ്ക്കല്‍ ഞാനിന്ന് വന്നുനിന്നീടവേ നെറ്റിയില്‍ ചന്ദനം സീമന്തരേഖയില്‍ - ഇത്തിരികുങ്കുമം ധന്യസ്മരണപോല്‍ തൊട്ടുണര്‍ത്തുന്നുവോ മിഴിത്തൂവലാല്‍ നിന്റെ തൊട്ടിലിലുറങ്ങിടും ഉണ്ണിക്കിനാക്കളെ ‘വേണ്ട’ ഈ വേലിക്കല്‍ പൂത്ത് നില്‍ക്കും വേളിപ്പൂവുകള്‍ നമ്മെ പരിഹസിക്കും. കൈവിട്ട് പോയൊരുവളപ്പൊട്ട് പോല്‍ പുസ്തകത്താളില്‍ മറന്നൊരു പീലിപോല്‍ നീയിവയൊക്കെ മറന്നിടും....മുറ്റത്ത് നാഗകുറിഞ്ഞികള്‍ പൂക്കാതിരുന്നിടില്‍.....

Tuesday, July 21, 2009

സായന്തിനി.


നിശയുടെ അന്തിമയാമങ്ങളില്‍


നിദ്രമയങ്ങും കണ്‍കോണുകളില്‍


ഒരു കൊച്ചുസ്വപ്നം പീലിനീര്‍ത്തി


രാവിന്‍ കാളികാതിരശ്ശീലവകന്നു മാറ്റി


സ്നിഗ്ദമാം ശ്വേത വര്‍ണ്ണരാജി


എള്ളെണ്ണമണമോലും നിലവിളക്കിന്‍ തിരികള്‍


എരിയുന്ന സുവര്‍ണ്ണമാസന്ധ്യയില്‍


തളിര്‍ താംബൂലമായി ഞാന്‍


നിന്റെ തങ്കത്താമ്പാളത്തില്‍


നിന്റെ ഏകാന്തമാം ശിരസ്സിനുള്ളിലെ


രാഗമായ് മാറിയെന്‍ വിപഞ്ചിക


Sunday, June 7, 2009

ഞാനറിയാതെ....

അതീതകാലത്തെയും വരാനിരിക്കുന്ന കാലത്തേതുമായ
എന്റെ എല്ലാ നന്മകളും നിനക്കര്‍ഹതപ്പെട്ടതാണ്..
എന്റെ ഗ്രാമത്തിലെ കുഞ്ഞിടവഴികളുടെ  സുഗന്ധംപോലെ
വഴിയരുകില്‍ പൂക്കുന്ന മുക്കുറ്റിയുടെയും കാശിത്തുമ്പയുടെയും ആർദ്രത പോലെ 
ഓര്‍മ്മവച്ചകാലം മുതല്‍ ഞാന്‍ നിന്റെ മനസ്സിലുണ്ടായിരുന്നു..
കാറ്റിലുലയുന്ന എന്റെ പാവാടഞൊറികളുടെ ചന്തംകാണാന്‍
എന്റെ മുടിത്തുമ്പിലൊന്ന് തൊടാന്‍
ഞാന്‍ നടന്ന് പോകുന്ന ഇടവഴിയുടെ ഗന്ധം ശ്വസിക്കാന്‍
എത്രയോതവണ ഞാനറിയാതെ നീയെന്റെ ഒപ്പമുണ്ടായിരുന്നു...
നെറ്റിത്തടത്തില്‍ നിന്നും സിന്ദൂരരേണുക്കള്‍ അടര്‍ന്ന് വീണ്
എന്റെ മൂക്കിന്‍ തുമ്പ് ചുവന്നിട്ടുണ്ടായിരുന്നു...
പൂവിലെ പൂമ്പൊടിപോലെയെന്ന് നീ പറഞ്ഞു...
ഈറന്‍ മുടിത്തുമ്പില്‍ നിന്നും നീര്‍മുത്തുകളൂര്‍ന്ന് വീണ്
എന്റെ പിന്നഴക് നനഞ്ഞിട്ടുണ്ടായിരുന്നു....
പുല്‍ക്കൊടിതുമ്പിലെ ഹിമകണം പോലെയെന്ന് നിന്റെ മര്‍മ്മരം....

Sunday, May 31, 2009

കൊഴിഞ്ഞു പോയ എന്റെ നീര്‍മാതളം...
ഓര്‍മ്മകള്‍ക്കെന്നും പ്രിയമായിരുന്ന വരികളെഴുതിയ എന്റെ പ്രിയ്യപ്പെട്ട കഥാകാരി......ഇത്തിരി സുഗന്ധമായി എന്റെ മനസ്സില്‍ വിരിഞ്ഞ് നിന്നിരുന്ന നീര്‍മാതളപൂവുകള്‍....ഇനിയെന്റെ ഓര്‍മ്മകളില്‍ എനിക്ക് നഷ്ടമായ നീലാംബരി.....


പെണ്ണെഴുത്തിന്റെ അപൂര്‍വ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയവ ഇന്നും നിറമൊട്ടും മങ്ങാതെ....


എന്റെ ആമി......ഇനി ഞാനെന്റെ നിലവിളി ആരോട് പങ്ക് വയ്ക്കും????


എന്റെ വിതുമ്പല്‍ ഏതൊരാളിന്റെ തൂലികയിലൂടെ പെയ്തൊഴിയും???


എന്നെ എനിക്ക് നഷ്ടമാവുന്ന ദിനങ്ങളില്‍ ഏതൊരാളിന്റെ ചിന്തകള്‍ എന്റെ മൌഢ്യത്തിനു മേല്‍ ഊര്‍ജ്ജപ്രവാഹിനിയാകും???/


എനിക്കറിയില്ല...നഷ്ടം എനിക്കാണ്..


എനിക്ക് മാത്രമാണ്.....


മുന്‍പ് വലിയ സിന്ദൂരതിലകവും പുഷ്യരാഗ മൂക്കുത്തിയും


എന്റെ സ്വപ്നങ്ങള്‍ക്ക് ആയിരം വര്‍ണ്ണങ്ങള്‍ പകര്‍ന്ന് തന്നിരുന്നു...


പിന്നീട് പര്‍ദയണിഞ്ഞ് മനുഷ്യരുടെ സ്പര്‍ദയ്ക്ക് മേല്‍ ചിലമ്പോങ്ങിനിന്ന


പ്രിയം നിറഞ്ഞ സ്ത്രീത്വം...


ലക്ഷ്മണരേഖപോല്‍ എന്നിലെ സ്ത്രീയുടെ രക്ഷാവലയമായ് തീര്‍ന്ന്....


ഇനി ഞാനെങ്ങനെ ദുസ്വപ്നങ്ങളില്ലാതെ രാവുവെളുപ്പിക്കും....


എന്റെ വരികള്‍ക്ക് മേല്‍ ആരിനി ചന്ദനസുഗന്ധം പൂശി കുളിരേകും...????


എന്റെ നഷ്ടം ഞാനിനി ആരൊട് പങ്ക് വയ്ക്കും...????


ഇനി വരികളിലൂടെ ....വായിച്ച് വായിച്ച് ഹൃദിസ്തമായ വരികളിലൂടെ മാത്രം ഇവിടെ എന്നോടൊപ്പം....


ഇനിയും പുതിയ നീര്‍മാതളങ്ങള്‍ ആര്‍ക്കുള്ളതാണ്??


എനിക്കൊന്നും അറിയില്ല....


തനിച്ചായത് ഞാനാണ്...


നഷ്ടമായത് എന്റെ കരുത്തും കരുണയുമാണ്....


ഇനി ഞാനിവിടെ ഒറ്റയ്ക്ക്......


ഇനിയിവിടെ നീര്‍മാതളങ്ങള്‍ പൂക്കുമോ.....?


നീലാംബരി ഒഴുകി നിറയുമോ????